എക്സിറ്റ്‌ ഫ്രം ഗ്രൂപ്പ്‌

image

ഓർമ്മ ശരിയാണെങ്കിൽ അടുത്ത സ്റ്റോപ്പിൽ ഇറങ്ങണം. എന്തായാലും നീർമ്മാതളത്തെ സ്നേഹിച്ച കഥാകാരിയുടെ നാട്‌ ഇത്‌ തന്നെയാണു. പുത്തൻ കച്ചവടതന്ത്രങ്ങൾ പയറ്റുന്ന പീടികാഫലകങ്ങൾ അത് സ്ഥിരീകരിച്ചു. മൊബൈൽ ഫോൺ മനപ്പൂർവ്വം ഓഫ്‌ ആക്കിയതാണു. ജോലിയിൽ നിന്നു രാജി വച്ചതിനു ശേഷം എന്നെ ആരും വിളിക്കാറില്ല.അവർക്കാവശ്യം ഞാനെന്ന വ്യക്തിയെ ആയിരുന്നില്ല, ഞാൻ കൈകാര്യം ചെയ്തിരുന്ന ഡെസിഗ്നേഷൻ ആയിരുന്നു. ഇനി എന്നെകൊണ്ട്‌ ഗുണമില്ല. അതു കൊണ്ട്‌ വിളിയുമില്ല. നിരന്തരം വൈദ്യുതകാന്തതരംഗങ്ങളുടെ പ്രവാഹം കൊതിച്ചിരുന്ന എന്റെ സന്തതസഹചാരിക്ക്‌ ഇപ്പോൾ പൂർണ്ണവിശ്രമം അനുവദിച്ചിരിക്കുന്നു. എന്റെ ജീവിതം തച്ചുടച്ച ഭീകരൻ എന്നു അതിനെ വിശേഷിപ്പിക്കാനേ തോന്നുന്നില്ല.

രണ്ടും കൽപിച്ച്‌ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. നിസ്സഹായയാകുമ്പോഴെല്ലാം അമ്മ പറയാറുള്ള അതേ വാചകം തന്നെയാണു ഇപ്പോൾ ഇവിടേയും ചേരുന്നതു. ‘ഒരു പക്ഷേ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഈ യാത്ര തന്നെ വേണ്ടി വരില്ലായിരുന്നു’. ജീവിത യാഥാർത്ഥ്യങ്ങൾക്ക്‌ മുൻപിൽ ഞെട്ടി തരിച്ചു പോയ അമ്മ ചോദിച്ച ന്യായമായ ചോദ്യങ്ങൾക്ക്‌ മറുപടി നൽകാനാവതെ, ‘എന്നായാലും തിരികെ വരും’ എന്നൊരു കുറിപ്പിൽ ഞങ്ങളോടുള്ള ഉത്തരവാദിത്തം ഒതുക്കി , ഹിമാലയം തേടി പോയ ഭീരുവായ എന്റെ അച്ഛൻ തിരികെ വരും എന്നു പ്രതീക്ഷിക്കുന്ന ലോകത്തിലെ ഒരേയൊരു വ്യക്തി എന്റെ അമ്മ മാത്രം ആയിരിക്കാം. ജോലിസ്ഥലത്ത്‌ കണ്ട്‌ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നു പറഞ്ഞപ്പോഴും അമ്മ ഇങ്ങനെ തന്നെ പറഞ്ഞു- അച്ഛനുണ്ടായിരുന്നെങ്കിൽ മറ്റാരുടെയും മുന്നിൽ അപേക്ഷിക്കാൻ പോകേണ്ടി വരില്ലായിരുന്നു. തീരുമാനം എടുക്കാൻ അധികാരപ്പെട്ട മാമൻ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ-‘നിനക്ക്‌ പോറ്റാൻ കഴിവുണ്ടെങ്കിൽ മാത്രം വിവാഹം ചെയ്യുക, മറ്റൊരു കാര്യത്തിലും ആർക്കും എതിർപ്പുണ്ടാകില്ല.’

അങ്ങനെ പാർലൈറ്റുകളും, മൂവിംഗ്‌ ഹെഡ്ഡുകളും, ഹൈവോൾട്ടേജ്‌ സൗണ്ടും നിറഞ്ഞു നിൽക്കുന്ന സുന്ദരലോകത്തെ സ്വപ്നം കണ്ടവൾ, ഒത്തുചേരലുകളും സൗഹൃദങ്ങളും നിറഞ്ഞ എന്റെ ജീവിതത്തിലേക്ക്‌ വന്നു, സ്മിത എന്ന പേരിൽ, ഒരു സാധാരണ ഭാര്യയായി. എന്റെ എല്ലാ കുറവുകളും മനസ്സിലാക്കി, എനിക്കു പ്രചോദനമായി കൂടെ തന്നെ നിന്നു. പക്ഷേ ഞാൻ ഒരിക്കൽ പോലും അവളോട്‌ ചോദിച്ചില്ല, നിന്റെ സ്വപ്നലോകത്തേക്ക്‌ പോകുവാൻ താൽപര്യമുണ്ടോയെന്നു. മറന്നിട്ടല്ല, പോയാൽ എന്നോടുള്ള കരുതൽ കുറയില്ലേയെന്ന ഭയം.പിന്നെ ഭാര്യയെ പ്രദർശനവസ്തുവാക്കി ജീവിക്കുന്നവൻ എന്നു കൂട്ടുകാർ പരിഹസിക്കുമോയെന്നുള്ള മിഥ്യാബോധം.

സ്മിത എന്നോടു ചിരിക്കാതായത്‌ എന്നു മുതൽ ആണെന്ന് ഓർമ്മയില്ല. പക്ഷേ ഈ ചോദ്യം എന്നോടു ചോദിച്ച ദിവസം എനിക്ക്‌ നല്ല ഓർമ്മയുണ്ട്‌. കോളേജിലെ കൂട്ടുകാരുടെ ഫാമിലി ഗെറ്റ്‌ റ്റുഗതർ നടന്ന ദിവസം രാവിലെ. കോളേജ്‌ പഞ്ചാരക്കുട്ടനായിരുന്ന ഞാൻ പഴയ കാമുകിമാരെ കാണുവാനുള്ള ആവേശത്തിൽ നേരത്തേ തയ്യാറായി. അവൾ ഒരുങ്ങിയിറങ്ങുന്ന ഇടവേളയിൽ, തൊട്ട്‌ മുൻപത്തെ മാസം നടന്ന സ്കൂൾ കൂട്ടുകാരുടെ ഗെറ്റ്‌ റ്റുഗതറിനെടുത്ത ചിത്രങ്ങൾ മൊബൈലിൽ കാണുകയായിരുന്നു. സ്മിത ഒരുങ്ങി വന്നതു കഴിഞ്ഞ ഗെറ്റ്‌ റ്റുഗതറിനണിഞ്ഞ അതേ വേഷത്തിൽ. പെട്ടെന്നുള്ള ദേഷ്യത്തിൽ ഞാനെന്തോ വഴക്കു പറഞ്ഞു. നാലാൾ കൂടുന്നിടത്ത്‌ അണിഞ്ഞ്‌ പോകാൻ കഴിയുന്ന എത്ര വസ്ത്രങ്ങൾ ഉണ്ട്‌ എന്ന അവളുടെ മറുചോദ്യത്തിനു മുന്നിൽ ഞാൻ പരാജിതനായി തലകുനിച്ചു. കാരണം ഞാൻ അതു ശ്രദ്ധിച്ചിരുന്നില്ല.ഒന്നും മിണ്ടാതെ അവൾ കാറിനു നേരെ നടന്നു. ഡോർ തുറക്കുന്നതിനു തൊട്ട്‌ മുൻപാണു അവൾ എന്നെ ഞെട്ടിച്ച ആ ചോദ്യം ചോദിച്ചത്- “അവസാനമായി ഞാൻ നിങ്ങളെ നോക്കി ആത്മാർത്ഥമായി ചിരിച്ചതു എന്നാണ്?”അന്നു വൈകുന്നേരമായിട്ടും എനിക്ക്‌ ഉത്തരം കിട്ടിയില്ല. ശരിയാണു, അവൾ എന്നെ നോക്കി ചിരിച്ചിട്ട്‌ ഏറെ നാളുകളായിരിക്കുന്നു. സ്കൂളിലേയും കോളേജിലേയും റ്റ്യൂഷൻ ക്ലാസ്സിലേയും കൂട്ടുകാരുടെ വാട്ട്‌ സാപ്പ്‌ ഗ്രൂപ്പുകളുണ്ടാക്കി ഗെറ്റ്‌ റ്റുഗതർ സംഘടിപ്പിച്ചു പഴയ കാമുകീകാമുകന്മാർക്ക്‌ സൊള്ളാനുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കി കൊടുക്കുന്ന തിരക്കിൽ അവളുടെ മുഖത്ത്‌ ചിരി പടരുന്നോയെന്നു ഞാൻ ശ്രദ്ധിച്ചില്ല. ഗ്ഗ്രൂപ്പുകൾ ആക്റ്റീവ്‌ ആയി ഇരിക്കുവാൻ രാത്രി വൈകിയും വളിപ്പും, തമാശയുമായി ഞാൻ മധ്യസ്ഥശ്രമം തുടർന്നിരുന്നപ്പോഴും അവളുടെ മുഖത്ത്‌ പുഞ്ചിരിയുണ്ടോയെന്നു ശ്രദ്ധിച്ചില്ല.

അവൾ പിന്നെ എന്നെ നോക്കി ചിരിച്ചതു കഴിഞ്ഞ പുതുവർഷത്തലേന്നാണ്. അന്ന് എന്റെ ഫോൺ കേടായിപ്പോയി. ആരുമായും ബന്ധപ്പെടാനാകാതെ ഞാൻ ഉഴറി. ഫോൺ സർവ്വീസ്സ്‌ ചെയ്യുന്ന കടകളിൽ വിളിച്ച്‌ തളർന്നിരിക്കവെ, പുഞ്ചിരിച്ച്‌ കൊണ്ട്‌ അവൾ പറഞ്ഞു -“പോകുന്ന വഴിക്ക്‌ ഒരു സൈക്കോളജിസ്റ്റിനെ കൂടെ കണ്ടേക്കൂ. ഇത്തരം കോപ്രായങ്ങളൊക്കെയാണു ഭ്രാന്തിന്റെ തുടക്കം.” ഇത്രയൊക്കെയായിട്ടും എന്തൊക്കെ പറഞ്ഞിട്ടും ഞാൻ മാറിയില്ല. എനിക്കതിനുള്ള സമയം ആയിട്ടുണ്ടായിരുന്നില്ല. എന്റെ ജീവിതം പിന്നെയും മൊബൈലിലും ഗെറ്റ്‌ റ്റുഗതറുകളിലും തന്നെ മുഴുകി നടന്നു.ഇതിനിടയിലെന്നോ അവൾക്ക്‌ ഒരുമിച്ചുള്ള ജീവിതം മടുത്ത്‌ തുടങ്ങിയിട്ടുണ്ടാകാം. അവൾ ആരോടെങ്കിലും പരിഭവം പറഞ്ഞിരുന്നോ? അതിന്റെ പേരിൽ ആരെങ്കിലും എന്നെ ശാസിച്ചിരുന്നോ?

വഴിയിലുടനീളം അന്യസംസ്ഥാന തൊഴിലാളികൾ ചലപില ശബ്ദമുണ്ടാക്കി കടന്നു പോകുന്നു. പലരുടേയും പോക്കറ്റുകളിൽ നിന്ന് ഉച്ചത്തിൽ ഹിന്ദി ഗാനങ്ങൾ കേൾക്കുന്നു. ഹിന്ദിപ്പാട്ടുകൾ പോലും മൂളാത്ത നമ്മുടെ നാട്ടുകാർ ഇന്നു ഹിന്ദിയിൽ സംസാരിക്കുന്നു.ഇവിടെയുള്ളവർക്ക്‌ ‘ഹിന്ദി’ കൊടുത്ത്‌ ഇവിടെയുള്ളവരുടെ ‘ഗാന്ധി’ അവർ കൊണ്ട്‌ പോകുന്നു. അവർ സ്വന്തം കാര്യം നോക്കുന്നു. അത് നല്ല കാര്യം തന്നെ. അവർ കൊണ്ട്‌ പോകുന്നതിൽ ഞാൻ എന്തിനു വിഷമിക്കണം? വളരുംതോറും കൊടുക്കുന്നതിലും വാങ്ങുന്നതിലും , നമ്മുടെ നേട്ടങ്ങളും കോട്ടങ്ങളും മാത്രം ശ്രദ്ധിക്കപ്പെടുന്നു. കൊടുത്തതും വാങ്ങിയതും ഒന്നിനും വേണ്ടിയല്ലാതിരുന്ന കുട്ടിക്കാലത്തിന്റെ മറന്നു പോയ ഒരേടു തേടിയാണു ഞാൻ വന്നതെന്നു പോലും ഞാൻ മറന്നു പോകുന്നു.

അമ്മയുടെ ആദ്യകാല അധ്യാപനജീവിതത്തിലെ മൂന്ന് മാസം മാത്രമാണു ഈ നാടുമായുള്ള ഏക ബന്ധം. പക്ഷേ എന്റെ ജീവിതത്തിലെ പലതും പഠിച്ചത്‌ ഇവിടെ നിന്നാണു.-നീന്താൻ പഠിച്ചത്‌, സൈക്കിൾ ചവിട്ടാൻ പഠിച്ചത്‌ , കടയിൽ പോയി സാധാനങ്ങൾ വാങ്ങാൻ പഠിച്ചത്‌, ചെടി നടാൻ പഠിച്ചത്‌.അച്ഛന്റെ കൂട്ടുകാരനായ സന്തോഷ്‌ മാമനാണു പറഞ്ഞതു തന്നതു കൂട്ടുകാർക്ക്‌ സമ്മാനം കൊടുക്കുമ്പോൾ പൂച്ചെടികളും വൃക്ഷത്തൈകളും നൽകണമെന്നു. പിന്നൊരിക്കൽ കൊച്ചച്ഛനും പറഞ്ഞ്‌ തന്നു ഏറ്റവും വലിയ നന്മ ചെയ്യുന്നതു തങ്ങൾക്കു വേണ്ടിയല്ലാതെ പൂക്കുകയും കായ്ക്ക്കുകയും തണലേകുകയും ചെയ്യുന്ന മരങ്ങളും ചെടികളും ആണെന്ന്. സന്തോഷ്‌ മാമൻ തന്ന കണിക്കൊന്നത്തൈ ആണു ഞാൻ ആദ്യമായി സമ്മാനം കൊടുത്ത ചെടി. അത്‌ വാങ്ങിയ എന്റെ കൂട്ടുകാരി, അവളെ കാണുവാനാണു ഞാൻ ഇവിടെ എത്തിയത്‌.

ദിയ,അതാണു പേരു. പല നാൾ അവളെ ഫൈസ്ബുക്കിൽ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, കാരണം അവളുടെ യഥാർത്ഥ പേരു എനിക്കറിയില്ലായിരുന്നു. ദിയ എന്നതു ഞാൻ വിളിച്ച പേരാണു. അമ്മയുടെ ഒരു കൂട്ടുകാരി ദിവ്യ എന്ന മാമിയെ പോലെയാണു അവൾ സംസാരിക്കുന്നതെന്നു പറയാനാണു ശ്രമിച്ചത്‌. ദിവ്യ മാമി എന്ത്‌ കാര്യം പറഞ്ഞാലും ഒരു അത്ഭുതം കണ്ടതു പോലുള്ള ഭാവം മുഖത്ത്‌ വരുമായിരുന്നു. പക്ഷേ കാലം തട്ടിയെടുത്ത എന്റെ മുൻ വരി പല്ലുകളുടെ അഭാവം തീർത്ത വൈകല്യത്താലാകണം, അവൾ ദിയ എന്നാണു കേട്ടത്‌. പൊട്ടിച്ചിരിച്ച്‌ കൊണ്ട്‌ അവൾ ചോദിച്ചു-“എന്ത്‌ ദിയയോ? കൊള്ളാം ,നല്ല പേര്.” അങ്ങനെ അവൾ എനിക്ക്‌ ദിയ ആയി. നഴ്സറിയിൽ നിന്നു വന്നാൽ അവൾ തന്റെ വീട്ടുപഠിക്കൽ വന്ന് എന്റെ അമ്മ സ്കൂൾ വിട്ടു വരുന്നതു കാത്ത്‌ നിൽക്കുമായിരുന്നു.കാരണം അമ്മ വന്നതിനു ശേഷം മാത്രമേ എനിക്ക്‌ കളിക്കാൻ പോകാൻ അനുവാദം കിട്ടിയുരുന്നുള്ളൂ. എല്ലാ കളികളിലും അവൾക്ക്‌ ഞാൻ കൂടെ വേണമായിരുന്നു. മണ്ണപ്പം ചുട്ട്‌ കളിച്ചാലും, തൊട്ട്‌ കളിച്ചാലും, ഒളിച്ച്‌ കളിച്ചാലും, പന്ത്‌ കളിച്ചാലും എല്ലാം. കളികളിൽ ഞാൻ തോൽക്കുകയാണെങ്കിൽ അവൾക്ക്‌ വിഷമം വരുമായിരുന്നു. ഒന്നിനും വേണ്ടിയല്ലാതെ എന്നെ സ്നേഹിച്ച ദിയയെ കാണുവാനാണു ഞാൻ വന്നിരിക്കുന്നതു.

കണിക്കൊന്ന നടാനായി കുഴിയെടുത്ത്‌ നാളെ വരാമെന്നു പറഞ്ഞ്‌ യാത്ര പറഞ്ഞിറങ്ങിയതാണു.അന്ന് രാത്രി തന്നെ അച്ഛനോടൊപ്പം നാട്ടിലേക്ക്‌ വന്നു, പക്ഷേ തിരികെ പോകില്ലെന്നറിയില്ലായിരുന്നു. പുതിയ സ്കൂളും പുതിയ കൂട്ടുകാരും വന്നപ്പോൾ ദിയ പതിയെ വിസ്മൃതിയിലാണ്ടു. ഇടയ്‌ ക്കൊക്കെ ഓർത്തിരുന്നെങ്കിലും, കണ്ടേ തീരൂ എന്നൊരു തോന്നൽ വന്നിരുന്നില്ല.ജീവനോളം എന്നെ സ്നേഹിച്ചിരുന്ന സ്മിതയിൽ നിന്നും പണ്ടെപ്പൊഴോ കുറച്ച്‌ നാൾ കൂടെ കളിച്ച കൂട്ടുകാരിയിലേക്കുള്ള യാത്ര എന്നെ ലജ്ജിപ്പിക്കുന്നുണ്ടോ?

ഒരു പാട്‌ പുതിയ വീടുകൾ, പുതിയ കച്ചവടസ്ഥാപനങ്ങൾ, പുതിയ ആൾക്കാർ… എനിക്ക്‌ ആ വീട്‌ കണ്ടെത്താൻ കഴിയുമോ എന്ന് സംശയം ആയിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ പെട്ട്‌ പോകാതെ ആ അരി പൊടിക്കുന്ന മിൽ എനിക്ക്‌ വഴി കാട്ടിയായി നില നിൽക്കുന്നു. പക്ഷേ അതിനു തൊട്ടടുത്ത്‌, അവളുടെ വീടിരുന്ന സ്ഥലത്ത്‌ ഇന്നൊരു വായനശാലയാണ്. അതിന്റെ മുറ്റത്ത്‌ പുത്തൻ തലമുറ ബൈക്കുകളിൽ , ചാരിയും ചരിഞ്ഞും നിന്ന് തങ്ങളുടെ ഫോണുകളിൽ ചൂണ്ട്‌ വിരലുകൾ അതിവേഗം ചലിപ്പിച്ച്‌ നിന്ന യുവാക്കളാരും തന്നെ ഞാൻ ചെന്നതറിഞ്ഞില്ല?അകത്താരോടെങ്കിലും ചോദിക്കാമെന്നു കരുതിയെങ്കിലും എനിക്ക്‌ തെറ്റി, അകത്താരും ഉണ്ടായിരുന്നില്ല. പക്ഷെ അവിടെ കണ്ട പത്രത്തിന്റെ തലക്കെട്ട്‌ എന്നെ പരിഹസിച്ചു കൊല്ലാതെ കൊന്നു. കേരളത്തിന്റെ പോലീസ്‌ മേധാവി പറഞ്ഞിരിക്കുന്നു- ഈ വർഷം ചാറ്റിങ്ങിലൂടെ ഒളിച്ചോടി പോയതു 574 വീട്ടമ്മമാർ. അതിലൊരു വീട്ടമ്മ എന്റെ സ്മിതയാണെന്ന് ഉറക്കെ വിളിച്ച്‌ പറയത്തക്ക ഉത്തരാധുനികമായിട്ടില്ല എന്റെ മനസ്സ്‌. അല്ലെങ്കിലും സ്വന്തം കാര്യത്തിലേക്ക്‌ വരുമ്പോൾ എല്ലാവരും കൂടുതൽ കൂടുതൽ സ്വാർത്ഥന്മാരാകും.

ദിയയെ കുറിച്ചുള്ള ഓർമ്മകൾ മായാതിരിക്കെ തന്നെ ഞാൻ ഫോൺ ഓണാക്കി. സ്മിതയുടെ പുഞ്ചിരിക്കുന്ന മുഖം കാണാൻ. അവളുടെ പുതിയ ഭർത്താവിനോടൊപ്പമുള്ള സെൽഫികൾ കാണാൻ. എല്ലാ ചിത്രങ്ങളിലും അവൾ പുഞ്ചിരിക്കുന്നു.പല വേഷങ്ങളിൽ, പല ഭാവങ്ങളിൽ, പല സ്റ്റേജ്‌ ഷോകളുടെ പശ്ചാത്തലത്തിൽ, അവൾ പുഞ്ചിരിക്കുന്നു. നഷ്ടപ്പേടുമ്പോൾ മാത്രമാണു പലതിന്റേയും വിലയറിയുക. എന്തായാലും ദിയ ഇവിടെയില്ല. അവൾ എവിടെയെന്നു ചോദിച്ചറിയുവാനും ഇപ്പോൾ തോന്നുന്നില്ല.

തിരികെ പോകാൻ തുടങ്ങിയപ്പോഴാണു ആ കെട്ടിടത്തിന്റെ ഇടത്തേ മൂലയോടു ചേർന്ന് താഴെ വീണു കിടക്കുന്ന മഞ്ഞ പൂവുകൾ കണ്ടത്‌, അതെ കണിക്കൊന്ന! സൗഹൃദത്തിന്റെ ഒരിക്കലും മങ്ങാത്ത വർണ്ണം വിതറി അതു പൂത്തുലഞ്ഞ്‌ നിൽക്കുന്നു. ദിയ , എനിക്ക്‌ വേണ്ടി കാത്ത്‌ നിൽക്കാതെ സ്വയം ആ ചെടി നട്ടിരിക്കുമോ? ആർക്ക്‌ വേണ്ടിയെന്നറിയാതെ പൂക്കുന്ന, ആർക്ക്‌ വേണ്ടിയെന്നറിയാതെ തണലേകുന്ന ആ കണിക്കൊന്ന മരത്തിന്റെ ചുവട്ടിൽ പോയി നിന്നു നിശ്ശബ്ദ്മായി പറഞ്ഞു- ‘ പ്രീയപ്പെട്ട ദിയ, നീ പറഞ്ഞു തരാൻ ശ്രമിച്ച കളങ്കമില്ലാത്ത സ്നേഹം എന്തെന്ന് മനസ്സിലാക്കാൻ എനിക്ക്‌ കഴിഞ്ഞില്ല.ഒരുമിച്ചു തുടങ്ങിയ കാര്യങ്ങൾ, കൂടെയുള്ളയാൾ ഇല്ലെങ്കിൽ പോലും ചെയ്തു തീർക്കുന്നതാണു കരുതൽ എന്ന് ഈ മരം എനിക്ക്‌ പറയാതെ പറഞ്ഞു തരുന്നു. ഈ മരം പൊഴിക്കുന്ന ഓരോ പൂവും നമ്മുടെ സൗഹൃദം മണ്ണിനോട്‌ പങ്ക്‌ വയ്ക്കുന്നു.നീ തന്നതും സ്നേഹം, ഞാൻ നൽകാതിരുന്നതും സ്നേഹം. നന്ദി, നീ പഠിപ്പിച്ച പുതിയ പാഠങ്ങൾക്ക്‌.’

ഫോണിൽ പല ഗ്രൂപ്പുകളിലായി മെസ്സേജുകളുടെ കൂമ്പാരം. ഓരോ ഗ്രൂപ്പിലും കയറി ഒരേ കാര്യം തന്നെ ചെയ്തു.’Exit from Group’. ഫോൺ ഓഫ്‌ ചെയ്തു.താഴെ കിടന്ന ഒരു ചെറിയ കമ്പെടുത്ത്‌ മരത്തിനു ചുവട്ടിൽ ഇങ്ങനെ കുറിച്ചു.’ പ്രീയപ്പെട്ട ദിയ, ഞാൻ തിരികെ പോകുന്നു.എന്ന് സ്വന്തം ശങ്കരു.’ അപ്പോഴും യുവാക്കളാരും തന്നെ ഞാൻ വന്നതും പോയതും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.അവർ ലോകത്തെ മുഴുവൻ തങ്ങളുടെ ചൂണ്ട്‌ വിരൽ തുമ്പിലൊതുക്കി സ്വയം ചിരിച്ചും ,കണ്ണിറുക്കിയും, വിധേയത്വത്തോടെ തങ്ങളുടെ ഫോണിനു മുന്നിൽ തല കുനിച്ച്‌ നിന്നു.

—————————-

ശ്രിലിൽ എസ്‌ എൽ (29 മാർച്ച്‌ 2016)

image
Enter a caption
Advertisements