ഗുരുപൂജ

FullSizeRender.jpg

മാധവകവിയെ കുറിച്ച് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് സ്വാമി വിവേകാനന്ദ മിഷന്‍ സ്കൂളില്‍ വച്ച് ബാലകൃഷ്ണപിള്ള സാറില്‍ നിന്നാണ് . ഭാഷാഭഗവത് ഗീത എന്താണെന്ന് മനസ്സിലാക്കുവാനുള്ള ശേഷി ഒന്നും അന്നില്ല, അപ്പോള്‍ നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസിലോ ആണ്. മലയിന്‍കീഴ് അമ്പലത്തിനെ കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട് എന്നുള്ളതാണ് എനിക്ക് ഇഷ്ടപ്പെട്ട പ്രധാന സംഗതി . മലയിന്‍കീഴ്  ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കാര്യപരിപാടികള്‍ ഉള്ള നോട്ടീസില്‍ അത് ഉള്‍കൊള്ളിച്ചിട്ടുണ്ട് എന്ന് സാര്‍ പറഞ്ഞു .

ഉത്സവദിനങ്ങളിലെ പരിപാടികളുടെ വിവരങ്ങള്‍ ക്ഷേത്ര റോഡിലെ മതിലില്‍ എഴുതുന്ന പതിവ് അന്ന് ഉണ്ടായിരുന്നു. ഇപ്പോള്‍ ഐശ്വര്യ ഗ്രാഫിക്സ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ എതിരെയുള്ള ചുമര് മുതല്‍ താഴേക്കാണ് എഴുത്ത് . സാര്‍ ഇക്കാര്യം പറഞ്ഞ ദിവസം വൈകുന്നേരം തന്നെ ഞാനും ഉണ്ണികൃഷ്ണനും (വേട്ടക്കളത്തിനു അടുത്ത് താമസിക്കുന്ന , ഇപ്പോള്‍ ISRO എഞ്ചിനീയര്‍ ) കൂടി അവിടേക്ക് വച്ച് പിടിച്ചു . കുമ്മായം പൂശിയ മതിലില്‍ , റോബിന്‍ ബ്ലൂ ചായത്തില്‍ എഴുതിയ വരികള്‍ മുനയൊടിഞ്ഞ പെന്‍സില്‍ കൊണ്ട് ഒരു വിധം ഉണ്ണികൃഷ്ണന്‍ പകര്‍ത്തി എഴുതിയത് ഇന്നും ഓര്‍ക്കുന്നു. തൊട്ടടുത്ത ദിവസം തന്നെ ക്ലാസ്സില്‍ വച്ച് സാറിനത് കൈമാറി . സ്കൂള്‍ ആനിവേഴ്സറിയുടെ തയ്യാറെടുപ്പ് നടക്കുന്നത് കൊണ്ട്  ക്ലാസ്സുകള്‍ മിക്കപ്പോഴും നടക്കാത്ത കാലമായിരുന്നതിനാല്‍ അന്ന് ഏറെ നേരം ബാലകൃഷ്ണ പിള്ള സാര്‍ ഉത്സവത്തിന്റെ കഥകള്‍ പറഞ്ഞു. പള്ളിവേട്ടയും, ആനപ്പാറയിലെ ഭൂതത്താനും, കുഴ്യ്ക്കാട് ആറാട്ടും , ഓട്ടന്‍ തുള്ളലും , ചാക്യാര്‍കൂത്തും മറ്റും അടങ്ങിയ മലയിന്‍കീഴ് ഉത്സവം മനസ്സില്‍ കുടിയേറി ഞാന്‍ ശരിക്കും ഒരു മലയിന്‍കീഴുകാരനാകാന്‍ തുടങ്ങിയത് അന്ന് മുതലായിരുന്നു.WhatsApp Image 2017-03-26 at 2.07.55 AMഉത്സവം എന്നത് ദൂരെ നിന്ന് നോക്കി കാണുവാന്‍ ഉള്ളത് അല്ലെന്നും അത് ആള്‍കൂട്ടത്തിനിടയില്‍ നിന്ന് ആസ്വദിക്കാന്‍ ഉള്ളതാണെന്നും ആദ്യം ഉപദേശിച്ചത് തന്നത് സാര്‍ ആയിരുന്നു. ആ വാക്കുകള്‍ കേട്ടില്ലായിരുന്നുവെങ്കില്‍ , അമ്മയുടെയും അമ്മൂമ്മയുടെയും കൈ പിടിച്ച് മേപ്പൂക്കടയില്‍ നിന്നുള്ള ആനയെ കാണല്‍ , സ്പോഞ്ചില്‍ നിര്‍മിച്ച് വെളുത്ത കങ്കൂസ് നൂലില്‍ കെട്ടി തൂക്കിയ ചുവന്ന കിളി , മുളയും ബലൂണും കൊണ്ടുള്ള ‘അപ്പൂപ്പാ അമ്മൂമ്മ ‘ എന്നിവയില്‍ മാത്രം ഒതുങ്ങി , നിറം മങ്ങിയതായി പോയേനെ എന്‍റെ കുട്ടിക്കാലത്തെ ഉത്സവസ്മരണകള്‍ ..

ഉത്സവത്തെ കുറിച്ച് മാത്രമല്ല , ബാലകൃഷണ പിള്ള സാര്‍ ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു തരാത്ത അറിവിന്‍റെ മേഖലകള്‍ ഇല്ലായിരുന്നു എന്ന് വേണം കരുതാന്‍. ഞങ്ങള്‍ക്ക് സാര്‍ അക്കാലത്തെ വിക്കിപീഡിയ ആയിരുന്നു. രാവിലെ സ്കൂള്‍ ബസ്സിലെ ആദ്യത്തെ ട്രിപ്പില്‍ എത്തി കഴിഞ്ഞാല്‍ 9 മണി വരെ സാര്‍ ചെലവിടുന്നത് എതിരെയുള്ള കലാ പ്രിന്റെഴ്സില്‍ പത്രം വായിച്ചു കൊണ്ടാണ്. വായനക്കിടയില്‍ കിട്ടുന്ന അറിവിന്റെ നുറുങ്ങുകള്‍ പുരാണകഥകളുമായി ബന്ധപ്പെടുത്തി സന്ദര്‍ഭോചിതമായി വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞു കൊടുക്കുവാനുള്ള അസാമാന്യ കഴിവ് സാറിനു ഉണ്ടായിരുന്നു. വിദ്യാഭ്യാസം എന്നത് പുസ്തകം വിഴുങ്ങി മാര്‍ക്ക് വാങ്ങുക എന്ന സമ്പ്രദായം അല്ലെന്നു ഉത്തമ ബോധ്യം ഉണ്ടായിരുന്നത് കൊണ്ടായിരിക്കണം, അക്കാലത്ത് നമ്മുടെ സ്കൂളില്‍ കലാ മത്സരങ്ങള്‍ക്കും കായിക മത്സരങ്ങള്‍ക്കും എല്ലാ പേരെയും സാര്‍ നിര്‍ബന്ധപൂര്‍വം പങ്കെടുപ്പിച്ചിരുന്നു. നാടകം , പ്രസംഗം, പദ്യപാരായണം , പ്രച്ഛന്ന വേഷം തുടങ്ങിയവയോടൊക്കെ നമുക്ക് ഒരു ഹരം തോന്നാന്‍ മുഖ്യകാരണം ബാലകൃഷണ പിള്ള സാര്‍ ആയിരുന്നു. പില്‍ക്കാലത്ത് പലയിടങ്ങളിലും സഭാകമ്പം കൂടാതെ സദസ്സിനെ അഭിമുഖീകരിക്കാന്‍ ഞങ്ങളില്‍ പലര്‍ക്കും പ്രാപ്തി നല്‍കിയത്, എല്ലാ പേരെയും പങ്കെടുപ്പിക്കാന്‍ സാര്‍ അന്ന് കാണിച്ച ചെറിയ നിര്‍ബന്ധബുദ്ധി ആണെന്നതില്‍ സംശയമില്ല. കുറച്ചു നാള്‍ മുമ്പ് സ്വാമി വിവേകാനന്ദ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തു കൂടിയപ്പോള്‍ കൂടി ഇതേ കാര്യം എല്ലാപേരും ആവര്‍ത്തിച്ചു. നേവിയില്‍ ജോലി ചെയ്യുന്ന രതീഷ്‌ പറഞ്ഞ കാര്യം വിസ്മരിക്കാന്‍ പാടില്ല. ക്ലാസുകളെ വേര്‍തിരിക്കുന്ന തട്ടിയെ പോലും ബ്ലാക്ക് ബോര്‍ഡ് ആക്കി ചെറിയ അക്ഷരങ്ങളില്‍ സാര്‍ എഴുതിയിരുന്ന ഇംഗ്ലീഷ് ഗ്രാമര്‍ പാഠങ്ങള്‍ അന്ന് ഒരുപാട് വിഷമിപ്പിച്ചിരുന്നു എങ്കിലും പിന്നീട് ജീവിതത്തില്‍ അതിന്റെ ഗുണങ്ങള്‍ അനുഭവിച്ചപ്പോള്‍ നമ്മള്‍ നമിച്ചു പോകുന്നത് അദ്ദേഹത്തിന്റെ ദീര്ഘവീക്ഷണത്തെയാണ്‌.

kutten kittu ambu_india

ഇന്ത്യയെ കുറിച്ച് പറയുമ്പോഴൊക്കെ സാര്‍ വാചാലനാകുമായിരുന്നു. രാജ്യസ്നേഹം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായി വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹം വിജയിച്ചിരുന്നു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. ഇപ്പോഴും റിപബ്ലിക് ദിനപരേഡ് ടി വി യില്‍ കാണുന്ന ശീലം സ്വാമി വിവേകാനന്ദ സ്കൂളില്‍ പഠിച്ച ഒരാളിന് ഉണ്ടെങ്കില്‍ തീര്‍ച്ചയാണ് , അത് ബാലകൃഷ്ണ പിള്ള സാറിന്റെ പ്രചോദനത്താലാണ്. സ്വാതന്ത്ര്യ സമരം അദ്ദേഹത്തിന്റെ  ഇഷ്ട വിഷയവും, ഗാന്ധിജി ഹീറോയും  ആയിരുന്നു. ഒരിക്കല്‍ രക്ത സാക്ഷി ദിനത്തിന് ഒരു മിനിറ്റ് മൗനം ആചരിക്കുന്നതിനിടയില്‍ ചിരിച്ചു എന്ന കാരണത്താല്‍ ലക്ഷ്മി പിള്ള എന്ന ചേച്ചിക്ക് ചുട്ട അടി കൊടുത്തത് ഇപ്പോഴും ഓര്‍ക്കുന്നു. ഓരോ സ്വാതന്ത്ര്യ ദിനാഘോഷവും, അതിനുള്ള മുന്നൊരുക്കങ്ങളും  വിദ്യാര്‍ത്ഥികളുടെ സാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നു. കൊടിമരം നിര്‍മിക്കുന്നത് മുതല്‍ മധുരം വിളമ്പുന്നത് വരെയുള്ള കാര്യങ്ങളില്‍ നമ്മള്‍ അതീവ താല്പര്യത്തോടെ പങ്കെടുത്തിരുന്നു.

IMG_0410ഒരു വിദ്യാര്‍ത്ഥിയുടെ സ്വഭാവ രൂപീകരണത്തില്‍ അധ്യാപകന്‍റെ പങ്ക് എന്താണ് എന്നുള്ളതിന് എക്കാലത്തേയും മികച്ച റോള്‍ മോഡല്‍ ആണ് ബാലകൃഷ്ണ പിള്ള സാര്‍. പക്ഷെ , ഒരു പാട് നല്ല കലാകാരന്മാരെയും , എഴുത്തുകാരെയും, പൊതുപ്രവര്‍ത്തകരെയും, സര്‍ക്കാര്‍ സേവകരെയുമൊക്കെ വാര്‍ത്തെടുക്കുന്നതില്‍ അടിസ്ഥാനപരമായി മുഖ്യ പങ്ക് വഹിച്ച അദ്ദേഹത്തെ വേണ്ട രീതിയില്‍ ആദരിക്കുവാന്‍ ഞാന്‍ അടങ്ങുന്ന വിദ്യാര്‍ത്ഥിസമൂഹം ശ്രമിച്ചോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.  സാറിന്റെ മരണ ശേഷം സ്വാമി വിവേകാനന്ദ മിഷന്‍ സ്കൂളിലെ മികച്ച വിദ്യാര്‍ത്ഥിക്ക് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം നല്‍കുവാന്‍ ഉദ്ദേശിച്ച ട്രോഫിയില്‍ ആലേഖനം ചെയ്യാന്‍ ഒരു ചിത്രം ആവശ്യപ്പെട്ട് സ്കൂളില്‍ പോയപ്പോള്‍ , ഒരു ചിത്രം പോലും സൂക്ഷിച്ച് വച്ചിട്ടില്ല എന്ന ദുഖകരമായ കാര്യമാണ് അറിയാന്‍ കഴിഞ്ഞത്.

മരണം കൊണ്ട് വിസ്മരിക്കപെടെണ്ടത്‌ അല്ല ബാലകൃഷ്ണപിള്ള സാറിന്റെ മഹത്വം. സ്കൂളില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ആത്മാവിന്റെ സാന്നിധ്യം എനിക്ക്  അനുഭവപ്പെടുന്നു. ചുമരുകളില്‍ തട്ടി പ്രതിധ്വനിക്കുന്ന , വടി കൊണ്ടുള്ള താളമിടല്‍ ഞാന്‍ കേള്‍ക്കുന്നു. ‘ജയ ജയ ജയ ജന്മഭൂമി ‘ എന്ന ഗാനം ഈണത്തില്‍ പാടുന്നത് ഞാന്‍ കേള്‍ക്കുന്നു…

പഠിപ്പിച്ചു വിട്ട നൂറു കണക്കിന് വിദ്യാര്‍ത്ഥികളിലൂടെ ഈ ജന്മഭൂമി ജയിക്കുന്നത് കാണാന്‍ ആ ആത്മാവ് കൊതിക്കുന്നുണ്ടാകും. നമുക്ക് അതിന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു… പ്രണാമങ്ങള്‍.!!!

-ശ്രിലില്‍ എസ് എല്‍

(ശ്രീ മാധവം 2017 -മലയിന്‍കീഴ് മാധവകവി സ്മരണികയില്‍ പ്രസിദ്ധീകരിച്ചത് )

FullSizeRender (1)

Advertisements